വൈക്കം/കടുത്തുരുത്തി : വൈക്കം ഫൊറോനയിലെ 19 ഇടവക ദേവാലയങ്ങളിലാണ് പെസഹയുടെ ചടങ്ങുകൾ നടക്കുക. വൈകീട്ട് എല്ലാ ക്രൈസ്തവ ഭവനങ്ങളിലും പെസഹയുടെ ഓർമ്മപുതുക്കി ഗൃഹനാഥൻ അപ്പംമുറിച്ച് കുടുംബാംഗങ്ങളുമായി പങ്കുവെയ്ക്കും.
രാവിലെ 6.30-ന് പെസഹയുടെ തിരുക്കർമങ്ങൾ തുടങ്ങും. നഗരികാണിക്കൽ, കുർബാന, കഴുകൽ ശുശ്രൂഷ, ആരാധന, അപ്പംമുറിക്കൽ ശുശ്രൂഷ എന്നീ ചടങ്ങുകൾ നടക്കും. വിശുദ്ധഗ്രന്ഥം വായനയ്ക്കുശേഷം അൾത്താരയ്ക്ക് മുൻപിൽ കാൽകഴുകൽ ശുശ്രൂഷ നടക്കും. തിരഞ്ഞെടുക്കുന്ന 12 പേരെ അൾത്താരയ്ക്ക് മുന്നിൽ പ്രത്യേക ഇരിപ്പിടം നൽകിയാണ് പുരോഹിതൻ കാൽകഴുകൽ ശുശ്രൂഷ നടത്തുന്നത്. വൈക്കം സെയ്‌ന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വികാരി ഫാ. ബർക്കുമാൻസ് കൊടയ്ക്കൽ മുഖ്യ കാർമികനാകും. വൈക്കം നടേൽ പള്ളിയിൽ രാവിലെ ആറിന് ചടങ്ങ് തുടങ്ങും. തുടർന്ന് വികാരി ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ കാൽകഴുകൽ ശുശ്രൂഷ നടത്തും.
ഈശോയുടെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ദുഃഖവെള്ളി ദിനത്തിൽ വിവിധ ദേവാലയങ്ങളിൽ നടക്കുന്ന പീഡാനുഭവ ശുശ്രൂഷകളിലും കുരിശിന്റെവഴി, നഗരി കാണിക്കൽ, കുരിശുചുംബനം, നീന്തുനേർച്ച തുടങ്ങിയ തിരുകർമങ്ങളിലും നിരവധി വിശ്വാസികൾ പങ്കെടുക്കും.
ദുഃഖശനിദിനത്തിൽ മാമോദീസാ നവീകരണം, പുത്തൻതീ, പുത്തൻവെള്ളം വെഞ്ചരിപ്പ് എന്നിവ നടക്കും.
ഈസ്റ്റർദിനത്തിൽ പുലർച്ചെ മൂന്നിന് ഉയിർപ്പ് തിരുക്കർമങ്ങൾ തുടങ്ങും. കടുത്തുരുത്തി സെയ്ന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി, കടുത്തുരുത്തി സെയ്ന്റ് മേരീസ് ഫൊറോനാ വലിയപള്ളി, കോതനല്ലൂർ കന്തീശങ്ങളുടെ ഫൊറോനാ പളളി, മുട്ടുചിറ റൂഹാദകുദിശാ ഫൊറോനാ പള്ളി, കാഞ്ഞിരത്താനം സെയ്ന്റ് ജോൺസ് പള്ളി, അറുന്നൂറ്റിമംഗലം സെയ്ന്റ് തോമസ് മലകയറ്റപ്പള്ളി, മണ്ണാറപ്പാറ സെയ്ന്റ് സേവ്യേഴ്സ് പള്ളി തുടങ്ങിയ ദേവാലയങ്ങളിലെല്ലാം ചടങ്ങുകൾ നടക്കും.
കുറവിലങ്ങാട് : മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ പെസഹാ വ്യാഴംദിനത്തിൽ ഏഴിന് കുർബാനയും കാൽകഴുകൽ ശുശ്രൂഷ, വൈകീട്ട് അഞ്ചിന് പൊതുആരാധന.
18-ന് ദുഃഖവെള്ളി ദിനത്തിൽ മൂന്നിന് പാനവായന, നാലിന് കോഴാ കപ്പേളയിലേക്ക് കുരിശിന്റെവഴി. 19-ന് ഏഴിന് കുർബാന, പുത്തൻതീ, പുത്തൻവെള്ളം വെഞ്ചരിപ്പ്. ഈസ്റ്റർദിനമായ 20-ന് പുലർച്ചെ മൂന്നിന് ഉയിർപ്പിന്റെ തിരുക്കർമങ്ങൾ.